– ആരിഫാ ജോഹരി , ആയിഷ മഹ്മൂദ് എന്നിവരുടെ കണ്ടെത്തലുകൾ.
(Read the English version of this report here.)
ഇന്ത്യയിൽ പെൺകുട്ടികളുടെ ചേലാകർമ്മം, ഇന്ന് വരെ ദാവൂദി ബോഹ്‌റാ വിഭാഗക്കാരുടെ ഇടയിലും മറ്റു ചെറുബോഹ്‌റാ വിഭാഗങ്ങളുടെയും ഇടയിൽ മാത്രമാണ് ആചരിച്ചു വരുന്നത് എന്നാണു പൊതുവെയുള്ള വിശ്വാസം . എന്നാൽ, സഹിയോ എന്ന സംഘടന ഈയടുത്ത് നടത്തിയ ചില അന്വേഷണങ്ങളിൽ , പെൺസുന്നത്ത് മറ്റു ചില ഇസ്‌ലാമിക വിഭാഗങ്ങളുടെ ഇടയിലും , കേരളത്തിന്റെ ചിലഭാഗങ്ങളിൽ എങ്കിലും, നടത്തുന്നതായി സൂചന ലഭിക്കുകയുണ്ടായി.
ഫെബ്രുവരിയിൽ നടത്തിയ ഒരു അണ്ടർകവർ അന്വേഷണത്തിൽ, സഹിയോയുടെ പ്രവർത്തകർ, കോഴിക്കോട്ടുള്ള ഒരു ക്ലിനിക്കിൽ, പെൺചേലാകർമ്മം ചെയ്യാറുണ്ടെന്നു സമ്മതിക്കുന്ന രണ്ട് ഡോക്ടർമാരെ പരിചയപ്പെടുകയുണ്ടായി. പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ചേലാകര്മ്മം അവരുടെ ക്ലിനിക്കിൽ സ്ഥിരമായി നടക്കാറുണ്ടെന്ന് അവർ അവകാശപ്പെട്ടു. അവരുടെ വാദമനുസരിച്ച് കേരളത്തിന്റ പലഭാഗങ്ങളിൽ നിന്നും സ്ത്രീകൾ സുന്നത്ത് ചെയ്യാനായി അവരെ സമീപിക്കുകയും, അവരുടെ പെൺമക്കളെയും, മരുമകളെയും കൊണ്ട് വരാറുണ്ടെന്നും പറയുന്നു. ഇവരുടെ എണ്ണത്തിൽ വർദ്ധനവും ഉണ്ടെന്ന് അവർ പറയുന്നു.
ഡോക്ടർ വിശദീകരിക്കുന്നത്, പെൺസുന്നത്തിനു സ്ത്രീകളുടെ യോനീഛദത്തിന്റെ (clitoris) അറ്റത്തുള്ള തോല് നീക്കുകയാണ് ചെയ്യുക. ഇത് clitoral hood എന്നാണുഅറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇത് “വൈവാഹികജീവിതം അത്യാഹ്ലാദകരമാക്കുന്നു”. മാത്രമല്ല ചില ഭർത്താക്കന്മാരും, ഭാര്യമാരും ഇതിനു നിർബന്ധം പിടിക്കുകയും ചെയ്യുന്നു. സൗദിയിലും ഈജിപ്തിലും ആഫ്രിക്കയിലും ഇത് സർവ്വസാധാരണമാണെന്നും- ഇതിൽ യാതൊരു അപകടം ഇല്ലെന്നും അവർ സാക്ഷ്യപെടുത്തുന്നു.
എന്നിരിക്കിലും, കോഴിക്കോട്ടുള്ള ഈ ഡോക്ടർമാർ വിവരിച്ച രീതിയിലുള്ള ചേലാകർമ്മം ലോകാരോഗ്യസംഘടനയുടെ (WHO) Female Genital Mutilation / Cutting (FGM/ C) എന്ന നിർവചനത്തിൽപെടുന്നതാണ്. ഇതാവട്ടെ മാനുഷികാവകാശങ്ങൾ ഹനിക്കുകയും, സ്ത്രീകൾക്ക് എതിരായുള്ള വിവേചനപൂർണ്ണനടപടിയായി അംഗീകരിക്കപ്പെട്ടതും ആണ്. ലോകാരോഗ്യസംഘടന FGM/ Cയെ ഇങ്ങനെ നിർവചിക്കുന്നു “സ്ത്രീകളുടെ ബാഹ്യമായി കാണപ്പെടുന്ന യോനി വൈദ്യശാസ്ത്രപരമായ ആവശ്യങ്ങൾക്കല്ലാതെ പൂർണ്ണമോ ഭാഗികമോ ആയി നീക്കം ചെയ്യുന്നതോ, മുറിവേൽപ്പിക്കുന്നതോ ആയ എല്ലാ രീതിയിലുള്ള പ്രവർത്തിയും ഇതിൽപെടുന്നു”
ലോകാരോഗ്യസംഘടനാ FGM/ C അതിന്റെ തീവ്രത അനുസരിച്ച് നാല് തരമായി തിരിച്ചിരിക്കുന്നു. ഏറ്റവും തീവ്രത കുറഞ്ഞതും -എന്നാൽ ഏറ്റവും പൊതുവായി നടത്തപെടുന്നതും ഇതിൽ ടൈപ് വൺ എന്ന് വിളിക്കപ്പെടുന്ന അഗ്രചർമ്മം മുറിച്ച് നീക്കുന്ന രീതിയാണ്.
കേരളത്തിലെ പെൺസുന്നത്ത്:
സ്ത്രീചേലാകർമ്മത്തെ കുറിച്ചുള്ള ഒരു മലയാളം ബ്ലോഗിൽ വന്ന കമന്റ് കാണുകയും , സഹിയോയെ ബന്ധപ്പെടുകയും ചെയ്ത ഒരു മലയാളിയിൽ നിന്നാണ് നമ്മുടെ അന്വേഷണം തുടങ്ങുന്നത്. അദ്ദേഹത്തിന്റെ അറിവ് വച്ച്, കേരളത്തിൽ ഇത് നടത്തുന്നത് “ഒസ്സാതികൾ” എന്ന് പ്രാദേശികമായി അറിയപ്പെട്ടിരുന്ന ക്ഷുരകന്മാർ ആയിരുന്നു- അപൂർവ്വമായി ഡോക്ടർമാരും.
ഇതനുസരിച്ച് സഹിയോ പ്രവർത്തകർ മലബാറിലെ ചില ആശുപത്രികൾ സന്ദർശിക്കുകയും , അന്വേഷണം നടത്തുകയും ചെയ്തു. ഈ ഹോസ്പിറ്റലുകളിൽ ഞങ്ങൾ ബന്ധപ്പെട്ട ഡോക്ടർമാർ ഇങ്ങനെയൊരു ആചാരത്തെ കുറിച്ച് കേട്ടറിവ് മാത്രമാണെന്നും , അതൊരു രീതിയിലും അംഗീകരിക്കുകയോ പിന്തുടരുകയോ ചെയ്യാറില്ല എന്ന് ഉറപ്പിച്ച് പറഞ്ഞു. മാത്രമല്ല, അങ്ങനെയുള്ള എന്തെങ്കിലും കണ്ടാൽ അത് റിപ്പോർട്ട് ചെയ്യുകയും ചെയ്യും എന്നും പറഞ്ഞു. ഇതിനു ശേഷമാണ് സുന്നത്ത് ക്ലിനിക് എന്ന് പരക്കെ അറിയപ്പെടുന്ന ഒരു ചെറിയ ക്ലിനിക്കിൽ ഇത് ചെയ്യാറുണ്ട് എന്ന് അവിടെയുള്ള ഡോക്ടർ തന്നെ യാതൊരു സങ്കോചവും ഇല്ലാതെ സമ്മതിച്ചത്.
അന്വേഷണത്തിനായി സഹിയോപ്രവർത്തകർ ആവശ്യക്കാരായി നടിക്കുകയും അവരെ സമീപിക്കുകയും ചെയ്തു. ഒരു പ്രവർത്തക തന്നെ ഭർതൃവീട്ടിൽ നിന്നും നിർബന്ധിക്കുന്നു എന്ന വ്യാജേന അതിനെ പറ്റി കൂടുതൽ അറിയാൻ വന്നതാണെന്നും പേടിയുണ്ടെന്നും പറഞ്ഞു. “ഇവിടെ ഇഷ്ടം പോലെ ചെയ്യാറുണ്ടല്ലോ” എന്നായിരുന്നു ലേഡി ഡോക്ടറുടെ മറുപടി. തുടർന്ന് അത് ചെയ്യുന്ന രീതി വിശദമായി പറഞ്ഞു തരികയും “ലൈംഗിക സുഖം വർദ്ധിക്കുകയും” “വൈവാഹികജീവിതത്തിനു ഒഴിച്ച് കൂടാനാവാത്തതും” എന്ന് ഊട്ടിഉറപ്പിക്കുന്ന രീതിയിൽ പറയുകയും ചെയ്തു. തങ്ങളുടെ അടുത്ത് വൈവാഹിക കൗസലിങ്ങിന് വരുന്നവരോട് തങ്ങൾ പെൺസുന്നത്ത് നീർദ്ദേശിക്കാറുണ്ടെന്നും, അതവരുടെ ലൈംഗികജീവിതവും വിവാഹജീവിതവും ആനന്ദപ്രദമാക്കും എന്നും ഇവർ അവകാശപ്പെടുന്നു.
കേരളത്തിലെ എല്ലാ വിഭാഗം മുസ്ലിങ്ങളുടെയും ഇടയിൽ ഇത് വളരെ പ്രചാരം നേടുന്നുണ്ടെന്നും ആളുകൾ അന്വേഷിച്ച് വരുന്നുണ്ടെന്നും ഇവർ പറയുന്നു. മാത്രമല്ല, എല്ലാ പ്രായത്തിലുള്ള പെൺകുട്ടികളിലും ചെയ്ത പരിചയം തങ്ങൾക്കുണ്ടെന്നും ഇവർ അവകാശപ്പെടുന്നു. വളരെ കുഞ്ഞുകുട്ടികൾക്ക് അധികവും പുരുഷഡോക്ടർ ആണ് ചെയ്യാറുള്ളതെന്നും മറ്റുള്ളവ താനാണ് കൈകാര്യം ചെയ്യാറുള്ളതെന്നും ലേഡി ഡോക്ടർ പറഞ്ഞു. പൂർണ്ണ സ്വകാര്യത ക്ലിനിക് വാഗ്ദാനം ചെയുന്നു. ചേലാകർമ്മത്തിനു മുൻപേ ലോക്കൽ അനസ്തീസിയ ചെയ്ത് ആ ഭാഗം മരവിപ്പിക്കുകയും , തുടർന്ന് വേദനസംഹാരിയും നൽകുന്നതായിരിക്കും. മുറിവ് ഉണങ്ങാൻ അഞ്ചു മുതൽ ആറു ദിവസം എടുക്കും എന്നാണു അറിയിച്ചത്.
“കൈക്കുഞ്ഞായിരിക്കുന്പോൾ ചെയ്യുന്നതാണ് അഭികാമ്യം. പക്ഷെ ഇപ്പോൾ ഒരു പാട് സ്ത്രീകൾ അവരുടെ പ്രസവശേഷം, സുന്നത്ത് ചെയ്യാറുണ്ട്. അതാകുന്പോൾ പ്രസവസമയത്ത് ഉള്ള തുന്നലും, ഇതിന്റെ തുന്നലും എല്ലാം ഒരു വേദനയിൽ കഴിഞ്ഞു കിട്ടും. ശേഷം അവരുടെ ലൈംഗികസുഖവും ഇരട്ടിക്കും. പ്രസവശേഷം പലരുടെയും സുഖം കുറയുന്നതായി കാണാം.” എന്ന് ലേഡി ഡോക്ടർ വിശദീകരിക്കുന്നു.
മുസ്ലിം സ്ത്രീകൾക്ക് ഇത് നിർബന്ധമാണോ എന്ന് സഹിയോ ചോദിച്ചപ്പോൾ “നിബന്ധമൊന്നുമല്ല. പക്ഷെ ഭർത്താവും അമ്മായിയമ്മയും പറയുകയാണെങ്കിൽ നിങ്ങൾ ചെയ്തേ തീരൂ, നിങ്ങൾക്ക് അത് നീർബന്ധം തന്നെയാണ്” എന്ന് ഡോക്ടർ മറുപടി നൽകുന്നു.
ക്ലിനിക്കിലെ പുരുഷഡോക്ടർ, ഹദീസിൽ നാലഞ്ചിടത്ത്ഇ ഇതിനെ കുറിച്ച് വളരെ വ്യക്തമായി പരാമർശിക്കുന്നുണ്ടെന്നും, അവ വായിക്കുന്നത് നന്നായിരിക്കുമെന്നും ഉപദേശിക്കുന്നു. മാത്രമല്ല സൗദിയിലും ഈജിപ്തിലും ആഫ്രിക്കയിലും എത്രയോ ആയിരം വര്ഷങ്ങളായി ഇത് പിന്തുടരുന്നുണ്ടല്ലോ എന്നും ഓർമിപ്പിക്കുന്നു. ആ രാജ്യങ്ങളിലെ ഇത്തരം ആചാരങ്ങളെ കുറിച്ച് പേടിപ്പെടുത്തുന്ന കഥകളും , അതിനെതിരായി വിവാദങ്ങളും കണ്ടതായി പ്രവർത്തകർ ആശങ്ക പ്രകടിപ്പിച്ചപ്പോൾ “അതൊക്കെ വെറുതെയാണ്. ഒരു ചെറിയ മുറിവ് മാത്രമാണ്, അല്ലാതെ മുഴുവനായി മുറിച്ച് കളയുകയൊന്നും ഇല്ല” എന്ന് ഡോക്ടർ വ്യക്തമാക്കുന്നു.
എന്നാൽ, ഈ ക്ലിനിക്കിന്റെ വെബ്‌സൈറ്റിൽ ആൺകുട്ടികളുടെ സുന്നത്തിനെ കുറിച്ച് മാത്രമേ പരസ്യം ചെയ്തിട്ടുള്ളൂ എന്ന കാര്യം ചൂണ്ടി കാണിച്ചപ്പോൾ, അവർ അത് വിട്ടു പോയതാണെന്നും, അതൊന്നു മറക്കാതെ ചെയ്യണം എന്ന് പരസ്പരം ഓർമ്മിപ്പിക്കുകയും ചെയ്തു. മാത്രമല്ല പ്രവർത്തകരോട് ഞങ്ങളുടെ സുഹൃത്തുക്കളോടും കുടുംബക്കാരോടും ഈ സർവ്വീസ് ഇവിടെ ലഭ്യമാണെന്ന് അറിയിക്കണം എന്ന് ആവശ്യപ്പെട്ടു.
പെൺസുന്നത്ത് കേരളത്തിൽ എത്രത്തോളം വിപുലമാണ് എന്നതിന് കണക്കുകൾ ഇല്ല- എത്ര കാലമായി എന്നതിനോ. സ്ത്രീലൈംഗികത സംബദ്ധമായ വിഷയമായത് കൊണ്ടും, മതത്തിന്റെ ഒരു ഘടന കാരണവും വളരെ സ്വകാര്യമായി മാത്രം, ഒരു പക്ഷെ, അനുഷ്ഠിച്ച്വരുന്ന ഇത്തരം ആചാരങ്ങളെ കുറിച്ച് വിവരം ശേഖരിക്കുന്നത് പ്രയാസമേറിയതാണ്. സഹിയോയുടെ അന്വേഷണങ്ങൾക്ക് ഒടുവിൽ; പെൺസുന്നത്തിനു വിധേയയായ രണ്ട് പേര് ; കേരളത്തിൽ നിന്ന് ഒരു സ്ത്രീയെയും കോയന്പത്ത്തൂരിൽ നിന്നു ഒരു സ്ത്രീയെയും കണ്ടെത്തുകയും സഹിയോ ബന്ധപ്പെടുകയും ചെയ്തു. എന്നാൽ രണ്ടു പേരും ഒരു വിധത്തിലും ഇതിനെ കുറിച്ച് സംസാരിക്കാനോ സാക്ഷ്യപെടുത്താനോ തയ്യാറായില്ല.
പെൺസുന്നത്ത് ഇന്ത്യയിൽ നിയമവിരുദ്ധമാണോ?
ലോകാരോഗ്യസംഘടനയുടെ വിവരണം അനുസരിച്ച്, പെൺസുന്നത്ത് കൊണ്ട് യാതൊരു വിധത്തിലുമുള്ള നേട്ടവുമില്ല എന്ന് മാത്രമല്ല അത് ദോഷകരമാണ് താനും. ടൈപ്പ് വൺ FGM/ Cയുടെ ദൂഷ്യഫലങ്ങൾ വേദന, രക്തംപോക്ക്, മൂത്രാശയ അണുബാധ, യോനീകോശങ്ങൾക്കു സംഭവിക്കാവുന്ന പരിക്ക്, ലൈംഗികപ്രശ്നങ്ങൾ, മാനസികമായ ആഘാതങ്ങൾ എന്നിവ WHO രേഖപെടുത്തുന്നു. യോനിയുടെയും മൂത്രനാളത്തിന്റെയും ഇടയിലുള്ള യോനീച്ഛദം അഥവാ ക്ലിറ്റോറിസ് അതിവൈകാരികമായ നാഡികോശങ്ങളാൽ സന്പന്നമായ ഒരു അവയവഭാഗമാണ്. അതിന്റെ ഏകലക്ഷ്യം സ്ത്രീകളുടെ ലൈംഗിക ആനന്ദം മാത്രമാണ്. അത് മുറിച്ച് മാറ്റുകയോ, പരിക്കേൽപ്പിക്കുകയോ ചെയ്യുന്നതിലൂടെ ലൈംഗികാസ്വാദനവും ഉത്തേജനവും കുറയുകയാണ് ചെയ്യുന്നത്.
FGC ഒരു ഇസ്‌ലാമിക ആചാരമല്ല, ഇതിനെ കുറിച്ച് ഖുർആനിൽ എവിടെയും പ്രതിപാദിച്ചിട്ടുമില്ല. ഇത് മുസ്ലിംകളുടെ ഇടയിൽ മാത്രം കണ്ടു വരുന്ന ഒരു ആചാരമല്ല താനും. ചില രാജ്യങ്ങളിൽ ക്രിസ്ത്യാനികളും, ജൂതന്മാരും, അനിമിസ്റ്റ് വിഭാഗക്കാരും ഇത് പിന്തുടരാറുണ്ട്.
ലോകത്തെ 41 രാജ്യങ്ങളിൽ പെൺചേലാകർമ്മം നിയമവിരുദ്ധമാണ് – ഇതിൽ ഈജിപ്തും ചില ആഫ്രിക്കൻരാജ്യങ്ങളും ഉൾപെടും. ഇന്ത്യയിൽ ഇതിനെതിരെ നിലവിൽ ഒരു നിയമങ്ങളും ഇല്ല – എന്നാൽ ഒരു സ്വത്രന്ത്രവക്കീൽ ഇതിനെതിരായി സമർപ്പിച്ച പൊതുതാല്പര്യഹർജി ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണയിലുണ്ട്.
മെയ് എട്ടാം തീയതി സുപ്രീംകോടതി കേന്ദ്രസർക്കാരിനോടും, നാല് സംസ്ഥാന സർക്കാരുകളോടും ഈ പൊതുതാല്പര്യ ഹർജിയോട് പ്രതികരിക്കാൻ ആവശ്യപെട്ടിട്ടുണ്ട്. മെയ് 29നു, വനിതാശിശുവികസനമന്ത്രാലയം ശ്രീമതി മേനകഗാന്ധിയുടെ നേതൃത്ത്വത്തിൽ, ഇന്ത്യൻ ശിക്ഷാനിയമത്തിന്റെയും Protection of Children from Sexual Offence അഥവാ POSCOയുടെയും കീഴിൽ സ്ത്രീചേലാകർമ്മം സ്വയമേവ നിയമവിരുദ്ധമായി തീരും എന്ന് പ്രസ്താവനയിറക്കി.
സഹിയോയെ കുറിച്ച് കൂടുതൽ അറിയാൻ:
സഹിയോ; സ്ത്രീ ചേലാകർമ്മം , പെൺസുന്നത്ത്, ഖാറ്റ്നാ എന്നിങ്ങനെയുള്ള FGC ആചാരങ്ങൾ ദക്ഷിണ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് തുടച്ചുനീക്കാൻ പ്രവർത്തിക്കുന്ന ഒരു സന്നദ്ധസംഘടനയാണ്.
നിങ്ങളിൽ ആർക്കെങ്കിലും ഇതിനെ കുറിച്ച് കൂടുതൽ അറിവുണ്ടെങ്കിൽ, അല്ലെങ്കിൽ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ്. This email address is being protected from spambots. You need JavaScript enabled to view it. എന്ന അഡ്രസ്സിൽ നിങ്ങൾക്ക് മെയിൽ ചെയ്യാം.
വാർത്താമാധ്യമങ്ങളോടുഒരുഅപേക്ഷ
പെൺസുന്നത്ത് എന്ന ആചാരം പലർക്കും ഞെട്ടിപ്പിക്കുന്ന ഒരു സത്യം ആണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഇത് മീഡിയയിൽ സെൻസേഷൻ ആകാവുന്ന ഒരു വിഷയുമാണ്. എന്നിരുന്നാലും ഇതിനു വിധേയമായ സ്ത്രീകൾക്കും കുട്ടികൾക്കും ഇത് വളരെ വൈകാരികമായ ഒരു വിഷയം ആണെന്ന് കൂടി ഓർക്കേണ്ടതുണ്ട്. ഇതിനാൽ, ഈ വിഷയം കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്ന മാധ്യമപ്രവർത്തകർ, എഡിറ്റർ, ഫോട്ടോഗ്രാഫർ, ഗ്രാഫിക്ഡിസൈനേഴ്സ്, ബ്ലോഗേഴ്സ് എന്നിവർ സമചിത്തതയോടും സഹാനുഭൂതിയോടും കൂടി വർത്തിക്കണം എന്ന് അപേക്ഷിക്കുന്നു.
– ഇതിനു വിധേയയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സ്വകാര്യതയെമാനിക്കുക : പെൺസുന്നത്ത് ഒരു തരത്തിലുള്ള ലിംഗ-വിവേചന അക്രമമാണ്, അതിനാൽ നിങ്ങൾ ഇന്റർവ്യൂ ചെയ്യുന്പോഴും, അവരുടെ വാക്കുകൾ ഉദ്ധരിക്കുകയും ചെയ്യുന്പോൾ അവരുടെ പേരോ മറ്റു വിവരങ്ങളോ , അവരുടെ പൂർണ്ണസമ്മതത്തോടെയല്ലാതെ പുറത്ത് വിടരുത്. അവരെ “ഇര” “അതിജീവിച്ചവൾ” അതോ മറ്റുവല്ല വാക്കുകളാൽ സംബോധന ചെയ്യാമോ എന്ന് അവരോട് തന്നെ ചോദിച്ച് ഉറപ്പ് വരുത്തുക.
– ഛേദം പ്രതി മുറിക്കൽ: FGC എന്നത് പലപ്പോഴും FGM അഥവാ Female Genital Mutilation എന്ന് വിളിച്ച് കാണാറുണ്ട്. Mutilation അഥവാ ഛേദം എന്ന വാക്കു ഉപയോഗിക്കുന്നതിനെ കുറിച്ച് ആചാരമനുഷ്ഠിക്കുന്നവരുടെ ഇടയിൽ തർക്കങ്ങളുണ്ട് . അവരതിന് പറയുന്ന കാരണങ്ങൾ ഛേദം എന്ന വാക്കിനു ഒരു വിപരീതലക്ഷ്യാർത്ഥം ഉണ്ടെന്നും ആരും അവരുടെ പെണ്മക്കളെ വികലമാക്കണം എന്ന ഉദ്ദേശത്തോടു കൂടി ഇത് ചെയ്യാറില്ല എന്നും പറയുന്നു. സാമൂഹികവും, മതപരവും, സാമുദായികവുമായ കാരണങ്ങൾ കൊണ്ടാണ് ഈ ആചാരം അനുഷ്ടിക്കപെടുന്നത്. ലോകമെന്പാടുമുള്ള സാമൂഹികപ്രവർത്തകർ Female Genital Cutting എന്ന പദം ഉപയോഗിക്കാനാണ് താത്പര്യപെടുന്നത്- ലോകാരോഗ്യസംഘടന ഇത് ശരിവെക്കുകയും ചെയ്യുന്നു.
– അതിവൈകാരികമായ ഭാഷയും ചിത്രങ്ങളും ഉപയോഗിക്കാതിരിക്കുക:
“അപരിഷ്‌കൃതം” “ദാരുണം” “ഗോത്രീയം” എന്നിങ്ങനെയുള്ള പദങ്ങൾ പെൺസുന്നത്തിനെ കുറിച്ച് എഴുതുന്പോൾ ഉപയോഗിക്കാതിരിക്കാൻ ശ്രധ്ധിക്കുക. സുന്നത്തിനു വിധേയരായ സ്ത്രീകൾക്ക് ഇത് അരോചകമായിതോന്നിയേക്കും. ഇത്തരം പദപ്രയോഗങ്ങൾ അവരെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തുകയും അവർക്ക് ഒരു തിരിച്ച് വരവ് ദുസ്സഹമാവുകയും ചെയ്യും.
ചോര ഇറ്റി വീഴുന്ന ബ്ലേഡ്, കരയുന്ന കുഞ്ഞുങ്ങൾ, ബലമായി വിടർത്തി പിടിച്ച കാലുകൾ, പൊത്തി പിടിച്ച വായ എന്നിങ്ങനെയുള്ള ചിത്രങ്ങളും ഗ്രാഫിക്കുകളും ഉപയോഗിക്കാതിരിക്കുക.
– സഹിയോയുടെ വെബ്സൈറ്റിൽ പോയാൽ നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ലഭിക്കാവുന്നതാണ്. അവരുടെ മീഡിയ റിസോർസ് ഗൈഡ് സഹായകമായിരിക്കും.